റിലയന്‍സ് ഗ്രൂപ്പ് ഉടമസ്ഥരിലൊരാളായ അനില്‍ അംബാനി ശബരിമലയില്‍. മാതാവ് കോകില ബെന്‍, സഹോദരീ ഭര്‍ത്താക്കന്‍മാരായ രാജ് സാല്‍ഗോക്കര്‍, ശ്യാം കോത്താരി എന്നിവരോടൊപ്പമാണ് അനില്‍ അംബാനി ശബരിമല ദര്‍ശനത്തിനെത്തിയത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെ സ്വന്തം ഹെലികോപ്ടറില്‍ കൊച്ചി പൂങ്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ അംബാനിയും കുടുംബവും കാറില്‍ പമ്പയിലെത്തി. സ്വയം ഡ്രൈവ് ചെയ്താണ് അംബാനി പമ്പയിലെത്തിയത്. തുടര്‍ന്ന് പമ്പയിലുള്ള ദേവസ്വം ബോര്‍ഡിന്‍റെ ഗസ്റ്റ്ഹൌസില്‍ വിശ്രമിച്ച ശേഷം അവിടെ നിന്ന് കെട്ടുനിറച്ച് മല കയറി.
ഏറെ ദൂരം നടന്ന ശേഷമാണ് അനില്‍ അംബാനി ഡോളിയില്‍ കയറിയത്. നീലിമലയിലെത്തിയപ്പോള്‍ ഡോളിയില്‍ കയറിയ അനില്‍ അംബാനി ഏതാനും ദൂരം പിന്നിട്ടപ്പോള്‍ വീണ്ടും നടന്നാണ് മല കയറിയത്. മാതാവ് കോകില ബെന്നിനെ നേരത്തെ ഡോളിയില്‍ യാത്രയാക്കിയ ശേഷമാണ് അനില്‍ മല കയറ്റം തുടങ്ങിയത്. നട അടയ്ക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് സന്നിധാനത്തെത്തി അനിലും കുടുംബാംഗങ്ങളും അയ്യപ്പ ദര്‍ശനം നടത്തി മടങ്ങി.
ദര്‍ശനത്തിന് ശേഷം തിരിച്ച് പമ്പയിലെത്തിയ അനില്‍ അംബാനി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുമായി കൂടിക്കാഴ്ച നടത്തി. അംബാനി കുടുംബം മൂന്ന് മാസം മുന്‍പ് ഗുരുവായൂരിലെത്തി ദര്‍ശനം നടത്തിയിരുന്നു.