തിരുവനന്തപുരം |
M. RAJU|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2008 (15:29 IST)
പ്രൊട്ടക്റ്റട് അധ്യാപകരുടെ പുനര്‍വിന്യാസം അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമേ തീരുമാനിക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.
പ്രശ്നത്തില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. അടുത്ത അധ്യായന വര്‍ഷത്തില്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കേണ്ട് കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ വേണ്ടിയാണ് വിവിധ അധ്യാപക സംഘടനകളുടെ യോഗം വിദ്യാഭ്യാസ മന്ത്രി വിളിച്ചത്.
യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രൊട്ടക്റ്റട് പഞ്ചായത്തുകളിലേക്കും മറ്റും പുനര്‍വിന്യസിക്കാനുള്ള തീരുമാനം ഉടന്‍ പുനപരിശോധിക്കണമെന്നും ഇത് ആദ്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ അജണ്ട അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവൂവെന്ന് ഭരണപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇരുപക്ഷവും ഏറെ നേരം വാക്കേറ്റം നടന്നു. ഇതുകാരണം വിദ്യാഭ്യാസ മന്ത്രിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ആമുഖ പ്രസംഗം നടത്തിയ വിദ്യാഭ്യാസ മന്ത്രി അധ്യാപകരുടെ ആശങ്ക സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പ്രൊട്ടക്റ്റട് അധ്യാപകരെ പുനര്‍ വിന്യസിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അധ്യാപകരും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കൂവെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍.സി ഫലം മെയ് 11നും പ്ലസ് ടു ഫലം മെയ് 15നും പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.