അച്ഛനുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കും: ഗണേഷ് കുമാര്‍

പത്തനംതിട്ട| WEBDUNIA|
PRO
PRO
കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാനും പിതാവുമായ ബാലകൃഷ്ണ പിള്ളയുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍. പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയകാര്യങ്ങള്‍ ഒന്നും തന്നെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ബാലകൃഷ്ണപിള്ളയെ കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തിച്ചിരുന്നു. പമ്പയില്‍ വെച്ചാണ്‌ പിളളയ്ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌.

ഗണേഷ് കുമാറുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ബാലകൃഷ്ണപിള്ളയെ അദ്ദേഹത്തിന്റെ വാളകത്തെ വസതിയിലെത്തി കണ്ട്‌ യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഗണേഷിന്റെ പുതിയ നിലപാടിനോട്‌ യോജിക്കാനാകില്ലെന്നും പാര്‍ട്ടി തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ബാലകൃഷ്ണപിള്ള പി പി തങ്കച്ചനെ അറിയിച്ചു. ഇനിയൊരു ചര്‍ച്ചയ്ക്ക്‌ പ്രസക്തിയില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുണ്ട്‌.

പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഗണേഷ് കുമാര്‍.ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫ്‌ നേതൃത്വത്തിന്‌ നല്‍കിയ കത്ത്‌ പിന്‍വലിച്ചിട്ടില്ല. കഴിഞ്ഞ യോഗത്തില്‍ ഈ കത്ത്‌ ചര്‍ച്ച ചെയ്ത യുഡിഎഫ്‌ നേതൃത്വം ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയെയും യുഡിഎഫ്‌ കണ്‍വീനറെയും ചുമതലപ്പെടുത്തുകയായിരുന്നു.

ഏപ്രില്‍ രണ്ടിന്‌ ചേരുന്ന അടുത്ത യുഡിഎഫ്‌ യോഗത്തില്‍ പിള്ളയുടെ ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്നും അന്നത്തെ യോഗത്തില്‍ ധാരണയായിരുന്നു. ഇതിനു ശേഷമാണ്‌ ഷിബു ബേബി ജോണ്‍ ഇടപെട്ട്‌ അനുരഞ്ജന ചര്‍ച്ച നടത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :