കരുമാല്ലൂര്‍|
Joys Joy|
Last Modified ശനി, 28 ഫെബ്രുവരി 2015 (16:32 IST)
കഴിഞ്ഞദിവസം രാത്രി സംസ്ഥാനത്തെ വിവിധ മേഖലകളെ ഭീതിയിലാഴ്‌ത്തിയ അഗ്‌നിഗോളം പതിച്ചത് കരുമാല്ലൂരില്‍.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിന് സമീപമാണ് കരുമാല്ലൂര്‍. ഇവിടെ അഗ്‌നിഗോളം പതിച്ച നാലുസെന്റ് പുരയിടം കത്തിക്കരിയുകയും ചെയ്തു.
കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്ത് നീറിക്കോട് സ്വദേശി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കത്തിക്കരിഞ്ഞത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരത്തു നിന്ന് ദുരന്തനിവാരണ സേനയിലെ വിദഗ്ധരും സംഭവസ്ഥലത്ത് എത്തും.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ആകാശത്ത് അഗ്‌നിഗോളം പ്രത്യക്ഷപ്പെട്ടത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചൊരിഞ്ഞു പോയ തീഗോളം വളരെ താഴ്ന്നായിരുന്നു പറന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉല്‍ക്കാ പതനമാണ് ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.
കരുമാല്ലൂരില്‍ തീപ്പിടിത്തമുണ്ടായ സ്ഥലത്തിന് സമീപത്തെ ആളുകള്‍ തീഗോളം വരുന്നത് കണ്ടിരുന്നു. തീഗോളം കണ്ടതിന് പിന്നാലെ പറമ്പ് കത്തുന്നതാണ് അവര്‍ കണ്ടത്. വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഉല്‍ക്കാപതനം പോലുള്ള എന്തെങ്കിലും കൊണ്ടാണ് തീപിടുത്തം ഉണ്ടായതെന്ന് ആരും അറിഞ്ഞിരുന്നില്ല.