കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു

കൊച്ചി| VISHNU N L| Last Updated: ശനി, 21 മാര്‍ച്ച് 2015 (18:34 IST)
പ്രമുഖ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ട് 5.30നായിരുന്നു അന്ത്യം. ഏറെനാളായി ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജനുവരി 24 മുതല്‍ യൂസഫലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ആരോഗ്യനില വീണ്ടും വഷളായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വൈകിട്ട് 5.30 ഓടെ അന്ത്യം സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത ബ്രോങ്കോ ന്യുമോണിയ ആയിരുന്നു യൂസഫലിയെ ബാധിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തിന്റെ കരളും വൃക്കകളും തകരാറിലായിരുന്നു.

അന്ത്യസമയത്ത് അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു. ഭൌതീകശരീരം തൃശൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും. അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു യൂസഫലി കേച്ചേരി. 1934 മെയ് 16-ന്‌ തൃശൂല്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. ഇന്ത്യയില്‍ തന്നെ സംസ്കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ" യാണ്‌. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതി.

1962-ലാണ്‌ ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നു വരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങള്‍ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979 ല്‍ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം ടിയുടെ കഥ) 2009-ല്‍ ലാല്‍ജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരില്‍ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :