യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം: ആള്‍ക്കൂട്ട ഭീകരതയുടെ പര്യായമായി യൂത്ത്കോണ്‍ഗ്രസ് മാറിയെന്ന് ഡിവൈഎഫ്ഐ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 ജൂലൈ 2024 (18:20 IST)
ആള്‍ക്കൂട്ട ഭീകരതയുടെ പര്യായമായി യൂത്ത്കോണ്‍ഗ്രസ് മാറിയെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, സെക്രട്ടറി ഷിജുഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റുമായും പ്രതിപക്ഷ നേതാവുമായും അടുപ്പമുള്ളവരാണ് പ്രതികള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ കെപിസിസി, യൂത്ത്കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നഗരൂരില്‍ ഡിവൈഎഫ്ഐ നേതാക്കളെയും പ്രവര്‍ത്തകരെയും യൂത്ത്കോണ്‍ഗ്രസുകാരുടെ നേതൃത്വത്തിലുള്ള ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ യൂത്ത്കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചതിന്റെ കാരണം തിരക്കിയതാണ് ക്രൂരമായ ആക്രമണത്തിന് കാരണമായത്. സമാധാനാന്തരീക്ഷം നിലനിന്ന പ്രദേശത്തേയ്ക്ക് വടിവാളും ദണ്ഡും ഇരുമ്പ് കമ്പികളുമായെത്തി ആയിരുന്നു യൂത്ത്കോണ്‍ഗ്രസ് ആക്രമണം.

യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ സുഹൈല്‍ ബിന്‍ അന്‍വറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. എസ്എഫ്ഐ ഏരിയാ സെക്രട്ടറിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ആക്രമണത്തില്‍ പരിക്കേറ്റ അഫ്സല്‍ ഗുരുതരാവസ്ഥയില്‍ മെഡി. കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. തലയ്ക്കും നെഞ്ചിനും വയറിനും പരിക്കുണ്ട്. കരളടക്കം ആന്തരീകാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ സാഹചര്യമാണുള്ളത്. ജീവന് പോലും ഭീഷണിയുണ്ടാകും വിധത്തിലാണ് അഫ്സലിനെ യൂത്ത്കോണ്‍ഗ്രസുകാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മെഡി. കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുള്ള മറ്റ് പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റിണ്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ തുടഭാഗം കുത്തിക്കീറിയ നിലയിലാണ്.

ഏകപക്ഷീയമായ ആക്രമണം യൂത്ത്കോണ്‍ഗ്രസ് അഴിച്ചുവിട്ടിട്ടും മാധ്യമങ്ങള്‍ ഇക്കാര്യം ശരിയായ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായിട്ടില്ല. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകണം. പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ഉന്നതതല ഗൂഡാലോചന പുറത്തുകൊണ്ടുവരികയും വേണം. അക്രമികളെ തള്ളിപ്പറയാന്‍ കെപിസിസി നേതൃത്വം തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :