യുവതിയും അഞ്ചു വയസുകാരിയായ മകളും കിണറ്റില്‍ മരിച്ച നിലയില്‍

രേണുക വേണു| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (15:40 IST)

കാണാതായി എന്ന് പൊലീസില്‍ പരാതി നല്‍കാനിരിക്കെ യുവതിയും അഞ്ചു വയസുകാരിയായ മകളും കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കളനാട് അമ്മങ്ങാനത്തെ അബ്ദുല്‍ റഹിമാന്റെ മകളും താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകള്‍ നയനമറിയം (5) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. സാമ്പത്തിക പരാധീനതയാണ് ജീവനൊടുക്കാന്‍ കാരണം എന്നാണു പൊലീസ് നിഗമനം. ഇവരുടെ രക്ഷിതാക്കള്‍ മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കാനിരിക്കെയാണ് ഇവരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം കരയ്ക്കെടുത്തത്. കളനാട് ഹൈദ്രോസ് മദ്രസാ സ്‌കൂളിലെ അധ്യാപികയായിരുന്നു മരിച്ച റുബീന. മരിച്ച ഇവര്‍ക്ക് ഒരു ഇളയ ആണ്‍കുട്ടികൂടിയുണ്ട്. ഇവരെ നന്നായി നോക്കണമെന്ന് ഇവരുടെ മാതാവിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വീട് നിര്‍മ്മിക്കുന്നതിനായി അടുത്തിടെ ഇവര്‍ അഞ്ചു സെന്റ് ഭൂമി വാങ്ങിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :