വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കില്ല; ഗണേഷിന് സാധ്യത

വീണ മികച്ച രീതിയില്‍ ആരോഗ്യവകുപ്പ് നിയന്ത്രിക്കുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍

രേണുക വേണു| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (13:03 IST)

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം. വീണയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും ആലോചിക്കുന്നില്ല. മന്ത്രിസഭ പുനസംഘടനയില്‍ വീണയെ ആരോഗ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി സ്പീക്കറാക്കാനാണ് എല്‍ഡിഎഫ് തീരുമാനമെന്ന് നേരത്തെ പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണ്.

വീണ മികച്ച രീതിയില്‍ ആരോഗ്യവകുപ്പ് നിയന്ത്രിക്കുന്നുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കും വീണയെ മാറ്റണമെന്ന അഭിപ്രായമില്ല. വീണയ്‌ക്കെതിരായ മാധ്യമ വാര്‍ത്തകളെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും സിപിഎം വിലയിരുത്തുന്നു.

നവംബറില്‍ തന്നെ മന്ത്രിസഭ പുനസംഘടന ഉണ്ടാകും. നേരത്തെ തീരുമാനിച്ചതു പോലെയുള്ള പുനസംഘടന മാത്രമേ ഉണ്ടാകൂ. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തേക്ക് എത്തും. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കും. അല്ലാതെ മറ്റു മാറ്റങ്ങളൊന്നും മന്ത്രിസഭയില്‍ ഉണ്ടാകില്ല. എ.എന്‍.ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കിയേക്കും എന്ന വാര്‍ത്തകളും അടിസ്ഥാന രഹിതമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :