മഞ്ചേരി|
സജിത്ത്|
Last Updated:
ശനി, 31 ഡിസംബര്‍ 2016 (16:17 IST)
മെഡിക്കല്‍ കോളേജ് ആശുപതിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന അനുഭവപ്പെടുന്നതായി പറഞ്ഞപ്പോള്‍ മൂത്രമൊഴിച്ചു വരാനായി യുവതിയെ നഴ്സുമാര്‍ കക്കൂസിലേയ്ക്ക് പറഞ്ഞയയ്ക്കുകയാണുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് ഡോക്ടര്‍മാരാരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. വളരെക്കുറച്ചു നേഴ്സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിനു ശേഷം വളരെ നേരം കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്. ഇത്തരത്തില്‍ ക്ലോസറ്റില്‍ പ്രസവം നടക്കുന്നത് ഇവിടെ സ്ഥിരസംഭവമാണെന്നും പ്രശ്നമാക്കേണ്ട കാര്യമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞതെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയ്ക്കും പട്ടികജാതി- ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെകുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതേസമയം, കുട്ടിയുടെയും അമ്മയുടേയും ആരോഗ്യനില തൃപ്തികരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മാറ്റിയതായും ഡോക്ടര്‍മാര്‍ അറിയിച്ചത്.