പ്രാഗ്|
jibin|
Last Modified വെള്ളി, 23 ഡിസംബര്‍ 2016 (10:27 IST)
അക്രമിയുടെ ആക്രമണത്തില്‍ കുത്തേറ്റ ചെക് റിപ്പബ്ലിക്കിന്റെ ടെന്നീസ് താരം
പെട്ര ക്വിറ്റോവ ആശുപത്രിവിട്ടു. ഇടത് കൈയിൽ ആഴത്തില്‍ മുറിവേറ്റ താരത്തിന്റെ പരുക്ക് മാറിയെങ്കിലും കോര്‍ട്ടിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആറ് മാസമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
പരുക്കുമാറി എത്തിയാലും കൈയ്‌ക്ക് മുറിവേറ്റതിനാല്‍ മതിയായ വിശ്രം അനിവാര്യമാണെന്നാണ് അറിയുന്നത്. മുറിവില്‍ സ്‌റ്റിച്ചുള്ളതിനാല്‍ പതിനാല് ദിവസത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടർമാർ നിര്‍ദേശിച്ചിരിക്കുന്നത്.
ചെക് റിപബ്ലിക്കിലെ വീട്ടില്‍ വെച്ചുണ്ടായ മോഷണശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവ് ക്വിറ്റോവയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. താരത്തിന്റെ ഇടതു കൈയ്‌ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാല്‍ നാലു മണിക്കൂറിലധികം നീണ്ട ശസ്ത്രക്കിയക്കൊടുവിലാണ് മുറിവ് തുന്നിക്കെട്ടിയത്.
എന്നാല്‍ നല്ല ആരോഗ്യവും യുവത്വവുമുള്ള ക്വിറ്റോവയ്‌ക്ക് ഇനിയും കളിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2011ലും 2014ലും വിംബിൾഡണും റിയോ ഒളിമ്പിക്സിൽ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ.