രേണുക വേണു|
Last Modified ചൊവ്വ, 7 മെയ് 2024 (16:04 IST)
സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍ വൃക്ക മാറ്റിവച്ച ശേഷം തുടര്‍ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരാള്‍ രോഗം ബാധിച്ച് ഗുരുതരമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്ക് ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് വെസ്റ്റൈല്‍ ഫീവറാണെന്ന് കണ്ടെത്തിയത്. ഇതിന് ശേഷം കൂടുതല്‍ സ്ഥിരീകരണത്തിന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു.
പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കുക. രക്ത, അവയവ ദാനത്തിലൂടെയാണ് ഈ വൈറസ് പ്രധാനമായി പകരുക. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് സമ്പര്‍ക്കത്തിലൂടെ ഈ പനി പകരില്ല. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ പത്ത് ശതമാനം പേരിലാണ് മരണത്തിനു സാധ്യത. ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150ല്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം മൂര്‍ഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക.
രോഗലക്ഷണങ്ങള്‍
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.
രോഗപ്രതിരോധവും ചികിത്സയും
കൊതുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ ഏറ്റവും നല്ല പ്രതിരോധമാണ് കൊതുകുകളില്‍ നിന്നും രക്ഷനേടുക എന്നത്. വൈറസ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.