സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തും; ഇടപെട്ട് ഹൈക്കമാന്‍ഡ്

അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

K Sudhakaran
K Sudhakaran
രേണുക വേണു| Last Modified ചൊവ്വ, 7 മെയ് 2024 (15:31 IST)

കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും. സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെയാണ് ചുമതല ഏല്‍ക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്. വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു.

അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കേണ്ടി വന്നത്. എം.എം.ഹസന് ആയിരുന്നു താല്‍ക്കാലിക ചുമതല. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞുള്ള കെപിസിസി യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള താല്‍പര്യം സുധാകരന്‍ പ്രകടിപ്പിച്ചെങ്കിലും അല്‍പ്പം കൂടി കാത്തിരിക്കാനായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞത്. ഇതില്‍ അതൃപ്തിനായ സുധാകരന്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :