ഒരു പുഴ ഇപ്പോള്‍ രണ്ടായി ഒഴുകുന്നു, കേരളം കണ്ട അതീവ ദാരുണമായ പ്രകൃതി ദുരന്തം: മുഖ്യമന്ത്രി

പുലര്‍ച്ചെ രണ്ടിനാണ് ആദ്യ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതായി പറയുന്നത്. 4.10 ഓടെ വീണ്ടും ഉരുള്‍പ്പൊട്ടി

Pinarayi Vijayan
രേണുക വേണു| Last Modified ചൊവ്വ, 30 ജൂലൈ 2024 (17:21 IST)
Pinarayi Vijayan

വയനാട് മുണ്ടക്കൈ ചൂരല്‍മല, അട്ടമല പ്രദേശത്തെ ഉരുള്‍പ്പൊട്ടലില്‍ ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പ്പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സാധ്യമായ എല്ലാ ശക്തിയും മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

' 93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഇതൊരു അവസാന കണക്കായി പറയാന്‍ പറ്റില്ല. 128 പേര്‍ ചികിത്സയിലാണ്. ഒട്ടേറെ മൃതദേഹങ്ങള്‍ ഒഴുകിപ്പോയി. മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ചാലിയാറില്‍ നിന്ന് 16 മൃതദേഹങ്ങള്‍ കണ്ടെത്താനായി. ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 മൃതദേഹങ്ങള്‍ ഇതിനോടകം തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാട് ഇതുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തമാണ് വയനാട് സംഭവിച്ചത്,' മുഖ്യമന്ത്രി പറഞ്ഞു.

പുലര്‍ച്ചെ രണ്ടിനാണ് ആദ്യ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതായി പറയുന്നത്. 4.10 ഓടെ വീണ്ടും ഉരുള്‍പ്പൊട്ടി. മേപ്പാടി, മുണ്ടക്കൈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെള്ളാര്‍മല സ്‌കൂള്‍ ഏറെക്കുറെ പൂര്‍ണമായും മണ്ണിനടിയിലാണ്. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുന്നു. ഒരു പുഴയുടെ സ്ഥാനത്ത് രണ്ട് പുഴയാണ് ഇപ്പോള്‍ ഒഴുകുന്നത്. അഞ്ച് മന്ത്രിമാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :