വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തത്തില്‍ കാണാതായത് 152 പേരെ

ദുരന്തത്തില്‍ ഇതുവരെ 224 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

Wayanad Land Slide
Wayanad Land Slide
രേണുക വേണു| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (09:52 IST)

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍
പറഞ്ഞു. ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉള്‍പ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കാണാതായവരുടെ ബന്ധുക്കള്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്‌കരിച്ചു.

ദുരന്തത്തില്‍ ഇതുവരെ 224 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ചൊവ്വാഴ്ച സണ്‍റൈസ് വാലിയില്‍ പരിശോധന നടത്തി. നിലമ്പൂരില്‍ രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെത്തി. തെരച്ചില്‍ ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പില്‍ താമസിക്കുന്നവര്‍ ഒഴിയുന്ന മുറയ്ക്ക് ജി.വി.എച്ച്.എസ് വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് ജി.എച്ച്.എസ്.എസ് മേപ്പാടിയിലും ജി.എല്‍.പി സ്‌കൂള്‍ മുണ്ടക്കൈയിലെ വിദ്യാര്‍ഥികള്‍ക്ക് ജി.എല്‍.പി.എസ് മേപ്പാടിയിലും പഠന സൗകര്യം ഒരുക്കും. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഏറ്റെടുത്ത 64 സെന്റിനു പുറമേ 25 സെന്റ് ഭൂമി കൂടി ഏറ്റെടുത്തു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഈ പ്രദേശത്താണ്. 16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2225 പേരാണുള്ളത്.

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :