അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (12:18 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാനായി 75,000 രൂപയാണ് ചെലവായത്. ഇതുപ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം രൂപയാണ് ചെലവായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് ടോര്‍ച്ച്, കുട,റെയിന്‍കോട്ട്,ഗംബൂട്ട് എന്നിവയടങ്ങിയ കിറ്റ് നല്‍കിയ വകയില്‍ 2 കോടി 89 ലക്ഷം രൂപ ചെലവായതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാനായി 11 കോടി രൂപയാണ് ചെലവായത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ അറിയിച്ചത്. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകാനായി 4 കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണം,വെള്ളം ഇനത്തില്‍ 10 കോടി രൂപയും ഇവരുടെ താമസത്തിനായി 15 കോടി രൂപയും ചെലവഴിച്ചു.
ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനായി 12 കോടി ചെലവായി. ബെയിലി ലാപത്തിന്റെ കല്ലുകള്‍ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികള്‍ക്കായി ഒരു കോടി രൂപ ചെലവായി. വൊളണ്ടിയര്‍മാര്‍ക്കും സൈനികര്‍ക്കും ചികിത്സാ ചെലവായി 2 കോടി 2 ലക്ഷം രൂപയും ക്യാമ്പുകളിലേക്കുള്ള ഭക്ഷണത്തിനായി 8 കോടി രൂപയും ചെലവായി. ക്യാമ്പുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനായി 7 കോടി ചെലവിട്ടു.
ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വെള്ളം കെട്ടി നിന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപയും ഡിഎന്‍എ പരിശോധനയ്ക്കായി 3 കോടിയും ചെലവാക്കി. ജെസിബി,ഹിറ്റാച്ചി,ക്രെയിനുകള്‍ തുടങ്ങിയ യന്ത്രങ്ങള്‍ക്കായി 15 കോടിയും എയര്‍ ലിഫ്റ്റിംഗ്,ഹെലികോപ്റ്റര്‍ ചാര്‍ജ് 15 കോടിയും ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃഷി നഷ്ടമുണ്ടായതിന് ഹെക്ടറിന് 47,000 രൂപ നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചനയുള്ളത്.