ട്രാഫിക് വാര്‍ഡന്‍ പത്മിനിക്ക് വീണ്ടും മര്‍ദ്ദനം

കൊച്ചി| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (16:58 IST)
ട്രാഫിക് വാര്‍ഡനായ പത്മിനിയെ ഗുണ്ടാനേതാവും ഐഎന്റ്റിയുസി നേതാവുമായ ലതീഷ് മര്‍ദ്ദിച്ചതായി പരാതി. ഐഎന്‍ടിയുസി നേതാവ് എളംകുളം സ്വദേശിയായ ലതീഷും ഓഫീസില്‍ മറ്റൊരു ഉദ്ധ്യേഗസ്ഥയും ചേര്‍ന്നാണ് ട്രാഫിക് വാര്‍ഡനെ ക്രൂരമായി മര്‍ദിച്ചത് എന്നാണു റിപ്പോര്‍ട്ട്. അവശ നിലയിലായ പദ്മിനിയെ കൊച്ചി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം നടന്നത്. ഇടപ്പള്ളി സ്വകാര്യ
ഏജന്‍സിയിലെ ട്രാഫിക് വാര്‍ഡന്‍ ആയ പദ്മിനി രാവിലെ ജോലി ചെയ്യേണ്ട കളമശ്ശേരി പ്രീമിയര്‍ ജങ്ക്ഷനില്‍ പോകാനായി ഒപ്പിടാന്‍ വേണ്ടിയാണ് ആഫീസില്‍ എത്തിയത്. അവിടെയുണ്ടായിരുന്ന സൂപ്പര്‍വൈസറായ ലതീഷ് പദ്മിനിയോടു അസഭ്യം പറയുകയും ഇടപ്പള്ളിയില്‍ ട്രാഫിക് ജോലി സമയത്ത് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് ഗതാഗതം നിയന്ത്രിച്ച പദ്മിനിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ കോണ്‍ഗ്രസ്സുകാരനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുനിരസിച്ചപ്പോഴാണ് മര്‍ദ്ദനം.

പത്മിനിയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിടത്തും ശരീരത്തിലും മര്‍ദിക്കുകയും ചെയ്തു. ആ സമയത്ത് ഓഫീസിലുണ്ടായിരുന്ന സുമ എന്നയുവതിയും പദ്മിനിയെ ഇടിക്കാന്‍ വേണ്ടി പിടിച്ചു കൊടുത്തെന്നും പരീതിയില്‍ പറയുന്നു. മൊഴി നല്‍കാനായി കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പദ്മിനി കുഴഞ്ഞ് വീണു. പിന്നീട് ഓട്ടോറിക്ഷായില്‍ മെഡിക്കല്‍ കോളേജില്‍ പത്മിനിയെ എത്തിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :