സോഷ്യല്‍ മീഡിയയില്‍ വി‌എസ് തരംഗം, നീലേശ്വരത്ത് പ്രകടനം, സമ്മേളന വിവാദം കൊഴുക്കുന്നു

വി‌എസ്, സിപി‌എം, ഫേസ്ബുക്ക്
നീലേശ്വരം/ തിരുവനന്തപുരം| VISHNU| Last Updated: ചൊവ്വ, 19 മെയ് 2020 (15:07 IST)
ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയയതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വി‌എസ് അച്യുതാനന്ദന് അനുകൂലമായി പോസ്റ്റുകളും കമന്റുകളും തരംഗമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് വി‌എസ് അനുകൂല പ്രഖ്യാപനങ്ങളും കമന്റുകളും പോസ്റ്റുകളുമായി ഫേസ്ബുക്കിലും ട്വിറ്ററിലും നിറയുന്നത്. വി‌എസ് വേദി വിട്ടത് അപമാനിതനായാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ അനുഭാവികളുടെ അഭിവാദ്യ പ്രകടനം.

മറിച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ടെങ്കിലും വിഎസിനെ അനുകൂലിക്കുന്ന പോസ്റ്റുകളാണ് അധികവും. പകരക്കാരനില്ലാത്ത അമരക്കാരന്‍, ജനലക്ഷങ്ങളുടെ നേതാവ് തുടങ്ങി ഒട്ടേറെ വിശേഷണങ്ങളാണ് ഫെയ്സ്ബുക്ക് അനുകൂലികള്‍ വിഎസിന് നല്‍കിയിരിക്കുന്നത്. പ്രിയ സഖാവെ.. പലരും പറയുന്നതുപോലെ പാര്‍ട്ടി അല്ല അവസാന വാക്ക്. ആദര്‍ശം അതാണ് അവസാന വാക്ക്. ആദര്‍ശത്തെ കൈവിടുന്ന ഏതു പാര്‍ട്ടിക്കും ആദര്‍ശമുള്ളവന്‍ കീഴ്പ്പെടേണ്ടതില്ല. താങ്കള്‍ മുന്നോട്ടു വയ്ക്കുന്ന ആദര്‍ശം താങ്കളെ നയിക്കട്ടെ.. ഞങ്ങളുണ്ട് കൂടെ.
ഇത് വ്യാപകമായി പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.

മറ്റൊരു പോസ്റ്റ് വി‌എസിനെ പ്രകീര്‍ത്തിക്കുന്നു. പാര്‍ട്ടിക്കാര്‍ക്ക് വിഎസിനെ അറിയില്ലെങ്കിലും സാധാരണക്കാര്‍ക്ക് അറിയാം. പാര്‍ട്ടി വരച്ച വൃത്തത്തിനുള്ളില്‍ നിന്ന് നിങ്ങള്‍ പറയുന്നത് മാത്രം അനുസരിച്ച് പാവ കളിക്കാന്‍ വിഎസ് എന്ന വിപ്ളവ നായകനെ കിട്ടില്ല. കാരണം നിങ്ങള്‍ മുള പൊട്ടുന്നതിനു മുന്‍പേ പുന്നപ്രയുടെ തീജ്വാലകള്‍ താണ്ടി കടന്നു വന്നവനാണ് വിഎസ്. അദ്ദേഹത്തെ പോലെയുള്ളവരെയാണ് സഖാവ് എന്ന് ഞങ്ങള്‍ ആദ്യം അഭിമാനത്തോടെ വിളിച്ചതും...

ഇങ്ങനെ പോകുന്നു വി‌എസിനെ അനുകൂലിച്ച് വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റുകള്‍. അതിനിടെ വിഎസ് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ സംഭവം പുറത്തറിഞ്ഞതോടെ കാസര്‍കൊട് നീലേശ്വരത്ത് വി‌എസ് അനുകൂലികള്‍ പ്രകടനം നടത്തി. സംഭവത്തില്‍ ആലപ്പുഴയ്ക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ പ്രതിഷേധമാണ് നീലേശ്വരത്ത് നടന്നത്. വി.എസിനെതിരെ രാഷ്ട്രീയ നീക്കമുണ്ടാകുമ്പോഴൊക്കെ നീലേശ്വരത്തെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ വി.എസ് അനുകൂലികള്‍ പ്രകടനമായി നിരത്തിലിറങ്ങാറുണ്ട്. ഇവര്‍ തന്നെയാണ് ഇത്തവണയും പ്രകടനമായി ദേശീയപാതയിലിറങ്ങിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :