വി എസിന് കത്തയച്ചതും ടി എന്‍ പ്രതാപന്‍: എന്നാല്‍ എം എല്‍ എ അല്ല; ജനകീയ സമരസമിതി നേതാവ് പ്രതാപന്റെ വിശദീകരണം

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 18 ജനുവരി 2016 (11:01 IST)
കഴിഞ്ഞദിവസം തലസ്ഥാനത്ത് ചര്‍ച്ചാവിഷയമായി വീണ്ടും ഒരു കത്ത്. ഭരണപക്ഷ എം എല്‍ എ ടിഎന്‍
പ്രതാപന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് കത്തയച്ചെന്ന് വ്യക്തമാക്കി വി എസിന്റെ ഓഫീസ് തന്നെയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, തൊട്ടു പിന്നാലെ താന്‍ പ്രതിപക്ഷ നേതാവിന് കത്തയച്ചിട്ടില്ലെന്ന് വ്യക്തമാക്കി ടി എന്‍ പ്രതാപനന്‍ രംഗത്തെത്തി. എന്നാല്‍, തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ തമ്മനത്തെ ജനകീയ സമരസമിതി നേതാവ് ടി എന്‍ പ്രതാപനാണ് വി എസിന് കത്തയച്ചതെന്ന് കണ്ടെത്തി.

കൈയേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധി വന്ന പാണാവള്ളി റിസോര്‍ട്ടിനെതിരെയുള്ള സമരത്തില്‍ പ്രതിപക്ഷനേതാവ് വി എസ് ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ജനകീയ സമരസമിതിയുടെ കണ്‍വീനറാണ് താനെന്ന് ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി. റിസോര്‍ട്ടിനെതിരെ നടക്കുന്ന ജനകീയ സമരസമിതിയുടെ സമരത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമരസമിതി നേതാവ് ടി എന്‍ പ്രതാപന്‍, എം എല്‍ എ ആണെന്ന് തെറ്റിദ്ധരിച്ച പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രസ്താവന ഇറക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാരിന്
മാഫിയാബന്ധമുണ്ട് എന്നുള്ളതിന്റെ തെളിവാണ് ഈ കത്തെന്നായിരുന്നു വി എസിന്റെ ഓഫീസിന്റെ നിലപാട്.

അതേസമയം, തനിക്ക് പ്രതിപക്ഷനേതാവിന് കത്തയക്കേണ്ട ആവശ്യമില്ലെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫീസ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന പിന്‍വലിക്കുന്നതായി വി എസും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :