തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (20:20 IST)
ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചിട്ടും തുടര്‍നടപടികളുണ്ടാകാത്തതിലും സെക്രട്ടേറിയറ്റ് അനക്‌സില്‍ കമ്മീഷന്‍ ഓഫീസ് അനുവദിക്കാത്തതിലും അതൃപ്തി അറിയിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മറുപടിയുമായി സര്‍ക്കാര്‍ രംഗത്ത്.
വി എസിനെ
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി സെക്രട്ടേറിയറ്റ് അനക്സിൽ ഇരുത്തുന്നത് അനൗചിത്യമാണ്. മുൻമുഖ്യമന്ത്രിയായതുകൊണ്ടാണു അനക്സിലല്ലാതെ മെച്ചപ്പെട്ട മറ്റൊരിടത്ത് ഓഫിസ് നൽകിയത്. വിഎസിന്റെ സൗകര്യം പരിഗണിച്ചാണ് ഐഎംജിയിൽ ഓഫിസ് അനുവദിച്ചത്. മന്ത്രിമാരുടേതിനു തുല്യമായ വീടും സൗകര്യങ്ങളും ഉടൻ നൽകുമെന്നും സർക്കാർ അറിയിച്ചു.
ഭരണപരിഷ്കാര കമ്മീഷന്‍ രൂപീകരിച്ചിട്ടും തുടര്‍നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ച് വി എസ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് കത്ത് നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ കമ്മീഷന്‍ ഓഫീസ് അനുവദിക്കണമെന്നും വിഎസ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് നല്‍കണമെന്നും ഓഫീസുമായി ബന്ധപ്പെട്ട കാര്യത്തിലും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം അതിനു ഘടക വിരുദ്ധമാണെന്നും വിഎസ് ആരോപിച്ചു. കാര്യങ്ങള്‍ കമ്മീഷനെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.