കൊച്ചി|
JOYS JOY|
Last Modified വെള്ളി, 27 മെയ് 2016 (10:11 IST)
കാബിനറ്റ് പദവിക്കു വേണ്ടി വി എസ് അച്യുതാനന്ദന്‍ സി പി എം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്കിയെന്ന വിവാദത്തിനിടെ വി എസിനെ വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്‌ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ വി എസിനെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.
പിണറായി വിജയന്‍ നല്കുന്ന ഒരു കാറിനും ബംഗ്ലാവിനു വേണ്ടി ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നെന്നും അങ്ങയുടെ ഒരു ഉപദേശവും ഈ സര്‍ക്കാര്‍ ചെവിക്കൊള്ളുമെന്ന് ലോകത്താരും കരുതുന്നില്ലെന്നും വി എസ് സുരേന്ദ്രന്‍ പറയുന്നു.
എം സ്വരാജ് മുതൽ എം എം ലോറൻസ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് വി എസിന് നല്ലതെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ പറയുന്നു.
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ വി എസ് അച്യുതാനന്ദൻ അധികാരദുര മൂത്ത ആളാണെന്ന് നേരത്തെ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അങ്ങ് ഇത്രയും തരം താഴാൻ പാടില്ലായിരുന്നു. അതിൽ കൂടുതലൊന്നും അങ്ങേക്കിനി ലഭിക്കാൻ പോകുന്നില്ല. അങ്ങയുടെ ഒരുപദേശവും ഈ സർക്കാർ ചെവിക്കൊള്ളൂമെന്നു ഈ ലോകത്താരും കരുതുന്നില്ല.
ദയവായി താങ്കൾ ആ പദവി ഇനി സ്വീകരിക്കരുത്. നാണക്കേടാണ്, അങ്ങേക്ക് മാത്രമല്ല, മുഴുവൻ കേരളീയർക്കും. മകൻ അരുൺ കുമാറിന്റെ ആർത്തി ഇനിയും തീരുമെന്ന് കരുതേണ്ട. അയാൾ കാരണം ഇതെത്രാമത്തെ തവണയാണ് താങ്കൾ നാണം കെടുന്നത്?
മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും പ്രവർത്തിച്ച താങ്കൾക്ക് അതുവഴി കിട്ടുന്ന പെൻഷൻ കൊണ്ട് ശിഷ്ടകാലം സുഖമായി കഴിയാമല്ലോ. വിയോജിപ്പുള്ള കാര്യങ്ങൾ തുറന്നു പറയാനെങ്കിലും സ്വാതന്ത്ര്യം ലഭിക്കുമല്ലോ. എം സ്വരാജ് മുതൽ എം എം ലോറൻസ് വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് അങ്ങേക്ക് നല്ലത്.