തിരുവനന്തപുരം|
aparna shaji|
Last Modified തിങ്കള്‍, 24 ഏപ്രില്‍ 2017 (13:55 IST)
സർക്കാരിനെ പ്രതിസന്ധിയിലാക്കി ടി പി സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സുപ്രീം കോടതി വിധിയല്ലേ, ഉടന്‍ നടപ്പിലാക്കണമെന്ന് വിഎസ് പ്രതികരിച്ചത്.
പിണറായി വിജയൻ സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു സുപ്രിംകോടതിയുടെ വിധി. ടി പി സെൻകുമാറിനെ ഡിജിപിയാക്കണമെന്ന് സുപിംകോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കിയിരിക്കുകയാണ്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നീക്കി പൊലീസ് മേധാവി സ്ഥാനത്തേക്ക് സെൻകുമാറിനെ നിയമിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജിഷ വധക്കേസിന്റെ അന്വേഷണവും പുറ്റിങ്ങൽ വെടിക്കെട്ട് അപകടം എന്നീ കേസുകളിലെ വീഴ്ച ആണ് സെൻകുമാറിനെ തൽസ്ഥാനത്ത് നിന്നും നീക്കിയതെന്ന് സർക്കാർ ആരോപിച്ചിരുന്നു.
എന്നാൽ, പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുദിവസത്തിനകം തന്നെ, ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് സിപിഎമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണെന്ന് സെൻകുമാർ ഹർജിയിൽ ആരോപിച്ചിരുന്നു. സെൻകുമാറിന്റെ നിയമ പോരാട്ടത്തിന് ഒടുവിൽ വിജയം കൈവന്നിരിയ്ക്കുകയാണ്. സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച എല്ലാ വാദങ്ങളും സുപ്രിംകോടതി തള്ളുകയായിരുന്നു.