കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ മൽസരിക്കുകയാണ്: വി എം സുധീരൻ

കോൺഗ്രസിലെ സ്ഥാനങ്ങൾ അലങ്കാരത്തിനല്ല, പ്രവർത്തിക്കാനാണെന്ന് സുധീരൻ

കാസർകോട്| സജിത്ത്| Last Updated: ശനി, 17 ഡിസം‌ബര്‍ 2016 (15:07 IST)
സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് പ്രവർത്തിക്കാൻ വേണ്ടിയുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. കോൺഗ്രസിൽ 99 ശതമാനം പേരും ആത്മാര്‍ത്ഥമായി പ്രവർത്തിക്കുന്നവരാണ്. ബാക്കിയുള്ള ഒരു ശതമാനമാണ് അലങ്കാരത്തിനു വേണ്ടി സ്ഥാനമാനങ്ങൾ കൊണ്ടു നടക്കുന്നത്. പ്രവർത്തിക്കാൻ തയാറല്ലാത്തവരുണ്ടെങ്കില്‍ ഇനിയും ബുദ്ധിമുട്ടാകാതെ എത്രയുമ്പ്പെട്ടെന്ന് യുക്തമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ ഓരോരുത്തരും പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് ഇല്ല. കോൺഗ്രസിൽ മുതിർന്ന നേതാക്കളെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ല. ജീവിതം മുഴുവൻ പാർട്ടിക്കു വേണ്ടി നീക്കവെച്ച മുതിർന്നവരും പുതിയ ആശയങ്ങളുമായി യുവാക്കളും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഏറെക്കാലത്തെ ചർച്ചയ്ക്കും ആലോചനകൾക്കും ശേഷമാണ് പ്രസിഡന്റുമാരെ തീരുമാനിച്ചത്. ഇന്നു കിട്ടാവുന്നതിൽവെച്ച് ഏറ്റവും മികച്ച ടീമാണ് സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടേതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണ തലത്തിൽ കേരളത്തെ ഒരുതരത്തിലും പരിഗണിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അത്തരത്തിലുള്ള കേന്ദ്രസർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കണം.
കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ പരസ്പരം മൽസരിക്കുകയാണെന്നും കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :