തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (12:39 IST)
ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നേരിടുന്ന എക്സൈസ് മന്ത്രി കെ ബാബുവിനെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ. പ്രതിപക്ഷം ബാബുവിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണ്. അവരുടെ ലക്ഷ്യം ബാബുവിനെ ആക്രമിക്കുക എന്നത് മാത്രമാണ്. സമ്മേളനത്തിന്റെ ആദ്യദിനം മുതൽ തുടങ്ങിയതാണിത്. ആരോപണങ്ങളിലൂടെ സർക്കാരിനെ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച മുതൽ കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ബഹളം തുടരുകയാണ്. ബാറുകൾ തുറക്കുന്നതിന് പത്തു കോടി കോഴവാങ്ങിയ ബാബുവിന് മന്ത്രിസഭയിൽ തുടരാൻ അവകാശമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ബാബുവിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. ബാബുവിനെതിരെ തെളിവില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നത്. ആരോപണത്തെക്കുറിച്ചു കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നു.
ബാബുവിനെതിരായ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിൽ ആരും മൊഴി നൽകിയില്ല.
ലഭിച്ച മൊഴികളെല്ലാം പരസ്പര വിരുദ്ധമാണ്. മാത്രമല്ല, കേസിലെ പരാതിക്കാരനായ ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നൽകിയ സിഡിയിൽ കൃത്രിമ നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഇത് തെളിവായി സ്വീകരിക്കാനാവില്ലെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞു.