വിഴിഞ്ഞത്തിന്റെ ചരിത്ര നിമിഷം: ആദ്യ വാണിജ്യ കപ്പല്‍ തുറമുഖത്ത് അടുക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ജൂലൈ 2024 (08:20 IST)
വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്നറുകളുമായി സാന്‍ഫെര്‍ണാണ്ടോ എന്ന പടുകൂറ്റന്‍ മദര്‍ഷിപ്പ് എത്തി. 110ലേറെ രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ കപ്പലാണിത്. ജൂണ്‍
22ന് ഹോങ്കോംഗില്‍ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്ഹായി, സിയാമെന്‍ തുറമുഖങ്ങള്‍ വഴിയാണ് സാന്‍ ഫെര്‍ണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്.

12ന് നടക്കുന്ന വിപുലമായ പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടുന്ന കപ്പല്‍ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും. വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യും മുന്‍പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സര്‍വ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദര്‍ഷിപ്പ് എത്തിക്കുന്നത്. 23ക്രെയിനുകള്‍ കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന നാവിഗേഷന്‍ സെന്റര്‍ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന് സമാനമാണിത്.

കപ്പല്‍ നങ്കൂരമിടുന്നതും കാര്‍ഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്. സാന്‍ഫെര്‍ണാണ്ടോയില്‍ നിന്ന് ഇറക്കുന്ന കണ്ടെയ്നറുകള്‍ ചെറിയ ഫീഡര്‍ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവും. ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ചേഞ്ച് അംഗീകാരം, കസ്റ്റോഡിയന്‍ കോഡ് അംഗീകാരം, ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ക്ലിയറന്‍സ് എന്നിവ ലഭിച്ചാലുടന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :