ശ്രീനു എസ്|
Last Modified ചൊവ്വ, 22 ജൂണ്‍ 2021 (18:08 IST)
കൊല്ലം ശാസ്താംകേട്ടയില്‍
വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു
അതേസമയം കൊല്ലം ശൂരനാട് ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടേത് കൊലപാതകമെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. 'പുലര്‍ച്ചെയാണ് കിരണിന്റെ വീട്ടില്‍ നിന്ന് ഫോള്‍കോള്‍ വരുന്നത്. അമ്മയാണ് ഫോണ്‍ എടുത്തത്. വിസ്മയ ആശുപത്രിയിലാണെന്നും ശാസ്താംകോട്ടയിലെ ആശുപത്രിയിലേക്ക് വേഗം വരണമെന്നും കിരണിന്റെ അച്ഛന്‍ പറഞ്ഞു. ഞാന്‍ ഫോണ്‍ പിടിച്ചുവാങ്ങി. അപ്പോഴാണ് കാര്യം അറിഞ്ഞത്. ആശുപത്രിയിലെത്തിയപ്പോള്‍ വിസ്മയ മരിച്ച വിവരമാണ് അറിഞ്ഞത്. ആശുപത്രിയിലെത്തിക്കാന്‍ രണ്ട് മണിക്കൂര്‍ വൈകി. എന്തുകൊണ്ടാണ് രണ്ട് മണിക്കൂര്‍ വൈകിയത്? ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ഞാന്‍ അവിടെ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതുപോലെ അല്ല കഴുത്തിലെ മുറിപ്പാട്. കഴുത്തിനു മുകള്‍ വശത്തായിരിക്കും ആത്മഹത്യ ചെയ്താല്‍ മുറിപ്പാട് ഉണ്ടാകുക. വിസ്മയയുടെ കഴുത്തിനു താഴെയാണ് മുറിപ്പാടുള്ളത്. ഇതില്‍ സംശയമുണ്ട്. കൊലപാതകം തന്നെയാണ് ഇത്,' വിസ്മയയുടെ സഹോദരന്‍ പറഞ്ഞു.