aparna shaji|
Last Modified ശനി, 24 ഡിസംബര്‍ 2016 (18:43 IST)
പ്രതിപക്ഷത്തായിരുന്നപ്പോൾ ധാർമികതയെ കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം ഇപ്പോൾ വ്യക്തമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷമായിരുന്നപ്പോൾ ചെറിയ ആരോപണങ്ങൾക്ക് പോലും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നവർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. ധാര്‍മ്മികത ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി എം എം മണിയുടെ ഹർജി കോടതി തള്ളിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മണിയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. ധാര്‍മ്മികത ഉണ്ടെങ്കില്‍ രാജിവെച്ച് പുറത്തു പോവണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും പിടി തോമസും രംഗത്തുവന്നു.
കൊലപാതക കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് ന്യായികരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
എന്നാൽ, മണി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയതോടെയാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ഇടത് പക്ഷത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെട്ടാലൊന്നും താൻ രാജിവെക്കില്ല, എൽ ഡി എഫ് ആണ് തന്നെ മന്ത്രിയാക്കിയത്, പാർട്ടി പറയുന്നത് പോലെയേ താൻ ചെയ്യുകയുള്ളുവെന്ന് മണി വ്യക്തമാക്കിയിരുന്നു.