തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 18 മെയ് 2015 (07:48 IST)
യുഡിഎഫ് മേഖലാ ജാഥകള്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ ജാഥകള്‍ മാറ്റണമോയെന്ന് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. വൈകീട്ട് 6 മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരെ നിലപാട് എടുത്ത മുസ്ലീം ലീഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നണിയോഗം.
ആരോപണ പ്രത്യാരോപണങ്ങള്‍ കോണ്‍ഗ്രസിനകത്ത് പുകയുന്നതിനിടെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദാണ് രംഗത്തെത്തിയത്. നേതാക്കൾ പരസ്പരം ചെളിവാരിയെറിയുന്നത് വളരെയധികം അതൃപ്തിയുണ്ടാക്കുന്നുണ്ട്. ഈ രീതിയിൽ മുന്നോട്ടു പോകാനാണെങ്കിൽ എന്തിനാണ് മുന്നണി സംവിധാനമെന്നും മജീദ് ചോദിക്കുകയും യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എല്ലാ മേഖലയിലും അഴിമതിയെന്ന എകെ ആന്റണിയുടെ പ്രസ്താവനയും സര്‍ക്കാര്‍ അഴിമതിയുടെ കരി നിഴലിലെന്ന വിഡി സതീശന്റെ വിമര്‍ശനവും അതിനെ തള്ളി കെസി ജോസഫും കൊടിക്കുന്നില്‍ സുരേഷും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സംഭവം ആളിക്കത്തിയപ്പോള്‍ ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച തന്നെ യുഡിഎഫ് ചേരണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. നേതൃമാറ്റം ഇഷ്ടപ്പെടാത്ത ലീഗ് അത് പ്രകടിപ്പിക്കാന്‍ മേഖലാ ജാഥാ വിഷയമാക്കുന്നു .തമ്മിലടി തീരാതെ ജാഥ വേണ്ടെന്നാണ് ലീഗിന്റെ ആവശ്യം. ഈ അഭിപ്രായം ലീഗ് മറ്റു ഘടകക്ഷികളുമായും പങ്കുവച്ചു . ചുരുക്കത്തില്‍ എതിര്‍ ചേരിയെ പൂര്‍ണമായും സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് നീക്കം .
വിമത നീക്കങ്ങള്‍ക്ക് തടയിടാന്‍ മുഖ്യമന്ത്രി ഘടകക്ഷികളെ കൂട്ടുപിടിച്ചു. ബാര്‍ കോഴക്കേസ് അന്വേഷണം വൈകിപ്പിച്ച് അപമാനിക്കുന്നുവെന്ന് കെഎ മാണിയുടെ പരാതി ശരിവച്ചു. പടനീക്കത്തെ പൊളിക്കാന്‍ യുഡിഎഫ് യോഗവും വിളിച്ചു .അതും ലീഗിന്റെ ആവശ്യം കണക്കിലെടുത്തു കൊണ്ട് .