‘മദ്യനിരോധനം നടപ്പാക്കാന്‍ ദ്വിമുഖ പദ്ധതി; മദ്യം കടത്തുന്നവര്‍ക്കതിരേ ഗുണ്ടാനിയമം‘

തിരുവനന്തപുരം| Last Modified ശനി, 23 ഓഗസ്റ്റ് 2014 (17:09 IST)
സംസ്ഥാനത്ത് മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ദ്വിമുഖ പദ്ധതിക്ക് രൂപം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യലഭ്യത കുറയ്ക്കുന്നതിനൊപ്പം മദ്യാസക്തി കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കും.

പൊലീസ് ഉദ്യോഗസ്ഥരിലെ മദ്യപാനികളെ കണ്ടെത്തി അവരെ ലഹരിമോചന ചികില്‍സാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃതമായി മദ്യം കടത്തുന്നവര്‍ക്കതിരേ ഗുണ്ടാനിയമം ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. മദ്യലോബികള്‍ മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മദ്യദുരന്തം ഉണ്ടാക്കി സര്‍ക്കാരിന്റെ മദ്യനയം പരാജയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റ് ഒഴുക്ക് തടയാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. മാഹി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. സ്പിരിറ്റ് കടത്ത് മണിച്ചന്മാരെ സൃഷ്ടിക്കുമെന്നും സ്പിരിറ്റ് കടത്തുന്നവരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഭേദഗതി കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെയുള്ള വിഎം സുധീരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു. ഒരു ഭാഗത്തെ മദ്യലോബിയുടെ ആളാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഇതുകൊണ്ടൊന്നും ആരെയും മദ്യലോബിയുടെ ആളാക്കാന്‍ ആകില്ലെന്നും ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :