ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ല, കേരളം വിടാൻ തയ്യാറാവാതെ തൃപ്തി ദേശായി

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 26 നവം‌ബര്‍ 2019 (20:31 IST)
ശബരിമലയിൽ സന്ദർശനം നടത്താതെ മടങ്ങില്ല എന്ന നിലപാടിൽ ഉറച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി അടക്കം ആറ് ഭൂമാതാ ബ്രിഗേഡ് അംഗങ്ങളാണ് ശബരിമലയിൽ ദർശനം നടത്തണം എന്ന ആവശ്യവുമായി എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണറുടെ ഓഫീസിലുള്ളത്. സന്ദർശിക്കാൻ സംരക്ഷണം നൽകണമെന്നാണ് ഭൂമാതാ ബ്രിഗേഡ് അംഗങ്ങളുടെ ആവശ്യം എന്നാൽ തൃപ്തിക്കും സംഘത്തിനും സംരക്ഷണം നൽകാനാകില്ലെന്ന് കൊച്ചി സിറ്റി ഡിസിപി വ്യക്തമാക്കി കഴിഞ്ഞു.

തൃപ്തി ദേശായിയും മറ്റ് അഞ്ച് ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും ചൊവ്വാഴ്ച പുലർച്ചെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ സ്റ്റേയില്ലെന്നും ദർശനം നടത്തുന്നതിൽനിന്നും തങ്ങളെ തടഞ്ഞാൽ കാരണം എഴുതി നൽകേണ്ടിവരുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. ഇതോടെ കമ്മീഷ്ണർ ഓഫീസിനു മുന്നിൽ വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധം നടത്തി.

ഭരണഘടനാ ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തുമെന്നായിരുന്നു തൃപ്തി ദേശായുടെ പ്രഖ്യാപനം. ശബരിമലയിൽ ദർശനം നടത്തുന്നതിൽ സംസ്ഥാന സർക്കാരിനും പോലീസിനും തങ്ങളെ തടയാനാകില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയ ശേഷമാണ് തൃപ്തി ദേശായി ശബരിമല പ്രവേശനത്തിനായി കൊച്ചിയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :