സംസ്ഥാനത്ത് നാലുമാസം കൊണ്ട് ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 6 നവം‌ബര്‍ 2020 (08:28 IST)
നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം മറികടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ടു മാസം പിന്നിടുമ്പോള്‍ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. അങ്ങനെ നാലു മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ 19,607 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടും. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ള സംരംഭങ്ങളില്‍ 41,683 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സംരംഭകത്വ മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 19,135 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്‍കി. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളിലാണ് 6965 പേര്‍. സെപ്തംബറിനുശേഷം തുടങ്ങിയ ജനകീയ ഹോട്ടലുകളില്‍ 613 പേര്‍ക്ക് തൊഴിലായി. ഹോം ഷോപ്പികളിലും വിപണന കിയോസ്‌കുകളിലുമായി 2620 പേര്‍. മൃഗസംരക്ഷണത്തില്‍ 2153 പേര്‍. 1503 പേര്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത സംരംഭങ്ങളിലാണ്. തൊഴിലവസര സൃഷ്ടിക്കുവേണ്ടി അതിവിപുലമായ ഒരു പരിപാടിയാണ് കുടുംബശ്രീ ആവിഷ്‌കരിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :