ഇന്ത്യയുടെ പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2020 (14:43 IST)
ഇന്ത്യയുടെ പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായി വാര്‍ത്തെടുക്കാനുള്ള പരിശ്രമത്തിനിടയില്‍ കേരളത്തിന്റെ അഭിലാഷങ്ങളും ആശങ്കകളും പാടെ അവഗണിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ 'ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളും കേരളവും' എന്ന വിഷയത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ട പരിഗണന നല്‍കാതെ, വ്യവസായ-വാണിജ്യ-നിക്ഷേപ താല്‍പര്യങ്ങള്‍ക്കാണ് നയരേഖയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കേന്ദ്ര - സംസ്ഥാന അധികാര സന്തുലിതാവസ്ഥ തകിടം മറിക്കുന്ന നിര്‍ദ്ദേശങ്ങളാണ് രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനെയും സംസ്ഥാന നിയമ നിര്‍മ്മാണ സഭകളെയും നോക്കുകുത്തികളാക്കിക്കൊണ്ട്, സര്‍വ്വാധികാരങ്ങളും കേന്ദ്ര എക്‌സിക്യൂട്ടീവിന് ചാര്‍ത്തി നല്‍കാനാണ് ശ്രമം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :