കേന്ദ്ര നഗരവനം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ ഇളവുകള്‍ വേണമെന്ന് മന്ത്രി അഡ്വ.കെ രാജു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 18 ഓഗസ്റ്റ് 2020 (08:33 IST)
കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥ വ്യതിയാന വകുപ്പ് പ്രഖ്യാപിച്ച നഗരവനം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് ചില ഇളവുകള്‍ അനിവാര്യമാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു കേന്ദ്രത്തെ അറിയിച്ചു.രാജ്യത്തെ വനവിഭവ വിപുലീകരണ പദ്ധതികളെ സംബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ യോഗത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനയച്ച കത്തിലാണ് വനം മന്ത്രി ആവശ്യം ഉന്നയിച്ചത്.

നഗരങ്ങളില്‍ വനങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന നഗരവനം പദ്ധതിക്കുള്ള
ധനസഹായം ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ തടസ്സമാണെന്നും നിലവിലുള്ള വ്യവസ്ഥകള്‍ തുടര്‍ന്നാല്‍ സംസ്ഥാനത്തെ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലൊന്നില്‍പോലും പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മന്ത്രിസൂചിപ്പിച്ചു.

കേന്ദ്ര സഹായം ലഭിക്കുന്നതിന് ചുരുങ്ങിയത് 10 ഹെക്ടര്‍ സ്ഥലം ആവശ്യമാണെന്ന നിലവിലെ വ്യവസ്ഥ, ഒരു ഹെക്ടര്‍ എന്നാക്കി ചുരുക്കണമെന്നും ഇതിനുള്ള ധനസഹായം ഹെക്ടറിന് 10 ലക്ഷം എന്നാക്കി വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പദ്ധതി നടത്തിപ്പില്‍
ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :