തിരുവനന്തപുരം ജില്ലയിലെ തീരദേശ സോണുകളില്‍ ഓഗസ്റ്റ് 16 വരെ ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 7 ഓഗസ്റ്റ് 2020 (07:53 IST)
ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലും ഓഗസ്റ്റ് 16 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഓഗസ്റ്റ് പത്തുമുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളു. ജില്ലാ ഭരണകൂടം നല്‍കിയിട്ടുള്ള അറിയിപ്പുകള്‍ കൃത്യമായും പാലിക്കണം.

തീരദേശ സോണുകളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. എന്നാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :