തിരുവനന്തപുരം|
jibin|
Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (17:29 IST)
അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടിയുണ്ടായേക്കും. തിങ്കളാഴ്ച ടോം ജോസിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് വ്യക്തമാക്കി.
ടോം ജോസഫിനെതിരെ നടപടി വേണമെന്ന് വിജിലന്‍സ് ഡയറക്‍ടര്‍ ജേക്കബ് തോമസ് ശുപാര്‍ശ നല്‍കി. അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ടോം ജോസിനെ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെടുന്നത്. ഇതിനാല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ടോം ജോസിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.
ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അനുകൂലിച്ചാല്‍ ടോം ജോസിനെതിരെ നടപടിയുണ്ടായേക്കും. വിജിലന്‍സ് ശ്രമിക്കുന്നതും അത്തരത്തിലൊരു നീക്കമാണ്. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാങ്ക് രേഖകള്‍ ലഭിച്ച ശേഷം ടോം ജോസിനെ ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും നടപടി ആവശ്യപ്പെടുന്നത്.
അതിനിടെ ടോം ജോസുമായി ബന്ധപ്പെട്ട അന്വേഷണം സുഹൃത്തും പ്രവാസി മലയാളി ഡോ അനിത ജോസിലേക്ക് നീങ്ങുകയാണ്. അനിത ജോസാണ് തന്റെ സാമ്പത്തിക സ്രോതസെന്നും മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങാന്‍ അനിത ജോസാണ് തനിക്ക് ഒരു കോടിയിലേറെ രൂപ സഹായം നല്‍കിയതെന്നും ടോം ജോസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിത ജോസിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
ഇന്നലെ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് അനിത ജോസിന്റെ പാസ്ബുക്ക് കണ്ടെത്തിയിരുന്നു. കൊച്ചിയിലുള ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശമുളള ഒരാള്‍ അനിതയാണ്. രാമപുരത്തുളള ഇവരുടെ വീട് വര്‍ഷങ്ങളായി ആള്‍ താമസമില്ലാതെ കിടക്കുകയാണ്. ഇതിന്റെയല്ലാം അടിസ്ഥാനത്തിലാണ് വിജിലന്‍സ് അനിതയിലേക്ക് തിരിഞ്ഞത്.