ന്യൂഡല്‍ഹി|
Last Modified വ്യാഴം, 24 നവംബര്‍ 2016 (08:38 IST)
രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആര്‍ ബി ഐ നല്കിയ ഇളവ് ഇന്ന് അവസാനിക്കും. അസാധുവാക്കിയ നോട്ടുകള്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളത്തിലെ കൌണ്ടറുകള്‍ എന്നിവിടങ്ങളിലെല്ലാം അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയിരുന്നു. ഈ അനുമതിയാണ് ഇന്നത്തോടെ അവസാനിക്കുന്നത്.
ഇതോടുകൂടി അസാധുനോട്ടുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്ന് ഇല്ലാതാകും. അസാധുവായ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകും. 500 രൂപ നോട്ടുകള്‍ എ ടി എമ്മുകളിലെത്തിയിട്ടും നോട്ട് പ്രതിസന്ധിക്ക് അവസാനമാകാത്തതാണ് ഒരു കാരണം. എസ് ബി ഐ, എസ് ബി ടി എ ടി എമ്മുകളിലാണ് ബുധനാഴ്ചയോടെ 500 രൂപയുടെ നോട്ട് എത്തിയത്.
മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളില്‍ താമസിയാതെ 500 രൂപ നോട്ടുകള്‍ എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വന്‍തോതില്‍ നോട്ടുക്ഷാമം ഉണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് അവശ്യസേവനങ്ങള്‍ അസാധുനോട്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്.