യൂസഫലി ഇടപെട്ട് ജാമ്യത്തുക കെട്ടിവച്ചു; തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

 thushar vellappally , cheque bounce case , police , തുഷാര്‍ വെള്ളാപ്പള്ളി , എംഎ യൂസഫലി , ചെക്ക് കേസ്
ദുബായ്| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (15:35 IST)
ചെക്ക് കേസില്‍ അറസ്‌റ്റിലായി അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലുകളാണ് മോചനം എളുപ്പമാക്കിയത്.

യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലെത്തി ജാമ്യത്തുകയായ ഒരു ലക്ഷം ദിർഹം കെട്ടിവച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ യുഎഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്.

തുഷാറിന്റെ മോചനത്തിന് ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. ആവശ്യമായ നീക്കങ്ങൾ നടത്താൻ നോർക്ക വൈസ് ചെയർമാൻ കൂടിയായ യൂസുഫലിക്കും സന്ദേശം ലഭിച്ചിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 10 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 19 കോടി രൂപ) ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. തുഷാറിന്റെ യുഎഇയിലെ കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :