വര്‍ണക്കാഴ്ചകളുമായി തൃശൂര്‍ പൂരം; പൂരങ്ങളുടെ പൂരം ഇന്ന്

Last Updated: വെള്ളി, 17 മെയ് 2019 (19:13 IST)
മേളക്കൊഴുപ്പിലും കുടമാറ്റത്തിന്‍റെ വര്‍ണജാലത്തിലും ആനകളുടെ ഗാംഭീര്യത്തിലും കരിമരുന്ന് പ്രയോഗത്തിന്‍റെ വിസ്മയത്തിലും ആറാടി കേരളത്തിന്റെ സാംസ്കാരിക നഗരത്തില്‍ പൂരങ്ങളുടെ പൂരം അരങ്ങേറും. വിവാദങ്ങളുടെ പടി കടന്ന് ഇന്നലെ രാവിലെ പ്രേമികളുടെ ഹരമായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തട്ടിത്തുറന്ന് പൂരത്തിനു തുടക്കമിട്ടു.

ശനിയാഴ്ച നടന്ന സാമ്പിള്‍ വെടിക്കെട്ട് ഇത്തവണത്തെ പൂരത്തിന്റെ ആരവം വിളിച്ചോതി. ഇന്നു രാവിലെ ഏഴ് മണിക്ക് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങളെത്തിത്തുടങ്ങി. ഇതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. 11 മണിയോടെ പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തില്‍ നടക്കും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍ മാരാരുടെ ചെമ്പടമേളം.

രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറമേളം. തുടര്‍ന്ന് അഞ്ചരയോടെ കുടമാറ്റത്തിന് തുടക്കമാവും. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9 മണിയ്ക്ക് ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :