തട്ടിക്കൊണ്ടുപോയി ഭീഷണി: മൂന്ന് പേര്‍ അറസ്റ്റില്‍

കോട്ടയം| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (20:36 IST)
പട്ടാപ്പകല്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റിനെ തട്ടിക്കൊണ്ടുപോവുകയും അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയില്‍. കുപ്രസിദ്ധമായ ക്വട്ടേഷന്‍ സംഘാംഗങ്ങളായ കാസര്‍കോട് ധര്‍മ്മടുക്ക സ്വദേശി മുഹമ്മദ് അഷ്റഫ് (30), ഫോര്‍ട്ട് കൊച്ചി ഗോഡ്സണ്‍ (32), കാസകോട് കുമ്പള സ്വദേശി കരാട്ടെ ഹസനാര്‍ എന്ന ഹസനാര്‍ (47) എന്നിവരാണ് പിടിയിലായത്.

സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ വശീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഇവരുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുമെന്നാണു സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇവരുടെ സംഘം തന്ത്രപൂര്‍വം കാറുമായി കോട്ടയം ചാലുകുന്നിലെത്തി ചാര്‍ട്ടേഡ് അക്കൌണ്ടന്‍റിനെ തട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. സിഎ ക്കാരനെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെ മുറിയില്‍ എത്തിച്ച ശേഷം ബലമായി മദ്യപിപ്പിക്കുകയും നഗ്നയായ സ്ത്രീയെ മുറിയിലേക്ക് കടത്തിവിട്ട് വീഡിയോ ചിത്രമെടുക്കുകയുമാണുണ്ടായത്. പിന്നീട് സി എ ക്കാരന്‍റെ വീട്ടിലേക്ക് വിളിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ വധിക്കുമെന്നും ഭീഷണിപ്പെടുത്തി.

വീട്ടുകാര്‍ ഡിവൈഎസ്പി പി വി അജിത്തിനു നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പ്രതികളെ കുറിച്ച് മനസിലാക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രതികള്‍ സി എക്കാരനെ വൈറ്റിലയില്‍ ഇറക്കിവിടുകയും ചെയ്തു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ഈ സംഘം സി എക്കാരനില്‍ നിന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി 11 ലക്ഷം രൂപ കൈക്കലാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. ലൌഡ് സ്പീക്കര്‍ സിനിമാ നിര്‍മ്മാതാവിനെ തട്ടിക്കൊണ്ടുപോയി ബ്ളാക്ക് മെയിലിംഗ് നടത്തിയതും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, മോഷണം, പെണ്‍ വാണിഭം തുടങ്ങിയ കേസുകളുണ്ട്. ബാംഗ്ലൂര്‍, മംഗലാപുരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രധാന പ്രവര്‍ത്തനം. കോട്ടയം വെസ്റ്റ് സി ഐ സക്കറിയാ മാത്യു, എസ് ഐ ജിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇവരെ പിടികൂടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :