ഇടുക്കി|
aparna shaji|
Last Modified വെള്ളി, 6 ജനുവരി 2017 (09:14 IST)
തൊടുപുഴയിൽ റവന്യു ജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം എം മണിയുടെ പ്രസംഗം കേട്ട് സദസ് അമ്പരന്നു. മന്ത്രി എന്താണ് പറയുന്നത് എന്ന് കുറച്ച് സമയത്തേക്ക് ആർക്കും മനസ്സിലായില്ല. കായികരംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണെന്ന് വിശദമാക്കി കൊണ്ട് മന്ത്രി പ്രസംഗം ആരംഭിച്ചു. പകുതിയായപ്പോൾ സദസ്സും വേദിയും ആശയക്കുഴപ്പത്തിലായി. ഏതായാലും കാര്യം മനസ്സിലാക്കിയ മന്ത്രി സ്വതസിദ്ധശൈലിയിൽ പ്രസംഗത്തിന്റെ റൂട്ട് തിരിച്ച് വിട്ടു.
കലാമേളയില്‍ വന്നിട്ട് കായികരംഗത്തെക്കുറിച്ചുളള മന്ത്രിയുടെ പ്രസംഗം കത്തിപ്പടരവെയാണ് സദസ് അന്താളിച്ചത്. കലാമേള നടക്കുമ്പോള്‍ കായികമാമാങ്കത്തിന് ആശംസകള്‍ അര്‍പ്പിച്ചാണ് മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അരങ്ങേറിയത്. പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്. ഇങ്ങനെയായിരുന്നു മണിയുടെ പ്രസംഗത്തിന്റെ തുടക്കം.
സംഭവം മനസ്സിലാക്കിയ മന്ത്രി പ്രസംഗം മാറ്റി കലോത്സവത്തെപ്പറ്റി സംസാരിച്ച് തുടങ്ങി. എന്നാല്‍ ഇത് അധികം നീണ്ടുനിന്നതുമില്ല. വീണ്ടും മന്ത്രി കായികമേഖലയിലേക്ക് തന്നെ കടന്നു. കായികോല്‍സവങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 10,45,000 രൂപ മാറ്റിവച്ചിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി വീണ്ടും കലാരംഗത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങി. ഇത്തരം കലാമാമാങ്കത്തിലൂടെയാണ് എല്ലാവരും അറിയുന്ന വലിയ താരങ്ങളായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.