എല്‍ ഡി എഫ് യോഗം ഇന്ന്; സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷ

ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ ഇന്നു പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ സി പി എം

തിരുവനന്തപുരം, സി പി എം, സി പി ഐ, തെരഞ്ഞെടുപ്പ് thiruvananthapuram, CPM, CPI, election
തിരുവനന്തപുരം| sajith| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (07:42 IST)
ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ ഇന്നു പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ സി പി എം. മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികള്‍ക്ക് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എല്‍ഡിഎഫ് ഇന്ന് യോഗം ചേരും. ഉച്ചക്ക് രണ്ടു മണിക്ക് എ കെ ജി സെന്ററിലാണ് യോഗം. സിപിഐ കഴിഞ്ഞ തവണത്തെ 27 സീറ്റിൽ തന്നെ മൽസരിക്കാൻ ഇന്നലെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. രണ്ടില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. സി ദിവാകരനെ നെടുമങ്ങാട് മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം തിരുവനന്തപുരം ജില്ലാ കമ്മറ്റി മുന്നോട്ടു വച്ചിട്ടുണ്ട്. സി ദിവാകരന് മാനദണ്ഡത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കൊല്ലം ജില്ലാ കമ്മറ്റി അദ്ദേഹത്തിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞവട്ടം മൽസരിച്ചതിനെക്കാൾ സീറ്റുകൾ ഘടകകക്ഷികൾക്കു നൽകാനാകില്ലെന്ന കർശന നിലപാടിലാണു സിപിഎം നേതൃത്വം. അതേസമയം ജനാധിപത്യ കേരള കോൺഗ്രസിനു നൽകാനുള്ള സീറ്റുകൾ കണ്ടെത്തുകയും വേണം. പൂഞ്ഞാർ സീറ്റു നൽകി പി സി ജോർജിനെ കൂടെ നിർത്തണോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.

സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനു തൃശൂരിൽ സീറ്റു നൽകാമെന്നു സിപിഎം സമ്മതിച്ചിട്ടുണ്ടെങ്കിലും സീറ്റ് ഏതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. നാലാംവട്ടമാണു ഘടകകക്ഷികളുമായി സിപിഎം നേതൃത്വം ചർച്ച നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :