സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 26 ഡിസംബര്‍ 2024 (12:15 IST)
ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് പേരിട്ടു.
സ്നിഗ്ദ്ധ എന്നാണ് പേര് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50നാണ് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ
ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.
കുഞ്ഞിന് പേര് നിര്‍ദേശിക്കാമെന്ന് ഫേസ്ബുക്കില്‍ മന്ത്രി ഒരു പോസ്റ്റിട്ടിരുന്നു.
സ്‌നിഗ്ദ്ധയ്ക്ക് സ്നേഹമുള്ള, ഹൃദ്യമായ, തണുപ്പുള്ള എന്നൊക്കെയാണ് അര്‍ത്ഥം. ലഭിച്ച പേരുകളില്‍ നിന്ന് ശിശുക്ഷേമ സമിതിയിലെ രണ്ട് വയസുകാരി ജാനുവാണ് 'സ്നിഗ്ദ്ധ' എന്ന പേരെഴുതിയ പേപ്പര്‍ തെരഞ്ഞെടുത്തത്. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ 2400ലധികം പേരാണ് പേരുകളാണ് നിര്‍ദേശമായി ലഭിച്ചതെന്നും ഇതില്‍ ഒരു പേര് തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു.
നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില... അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍ ലഭിച്ചു. അതുകൊണ്ടാണ് ഈ പേരുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിച്ചത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഒരുപാട് പേര്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ദേശിക്കപ്പെട്ട മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതി ഇനി കുഞ്ഞുങ്ങള്‍ക്ക് ഇടാനായി സൂക്ഷിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.