ക്ഷേമ പെൻഷനുകൾ സഹകരണബാങ്ക് വഴി വീട്ടിലെത്തിക്കും

ക്ഷേമ പെൻഷനായി 3000 കോടി രൂപ നൽകുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം| aparna shaji| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (14:52 IST)
ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുക‌ൾ വഴി വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കവെയാണ് പിണറായി ഇക്കാര്യം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. 3000 കോടിരൂപ ക്ഷേമ പെൻഷനുവേണ്ടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേമ പെൻഷനുകൾ ഇനിമുതൽ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിക്കുമെന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് വിശദമായ ഒരു കുറിപ്പ് ധനകാര്യ മന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും മുന്‍പ് രാത്രിയില്‍ ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുന്‍പ് വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ തീരുമാനിക്കുന്നതിനുള്ള യോഗം ചേര്‍ന്നു . സഹകരണ മന്ത്രി എ സി മൊയ്തീന്‍, സഹകരണ, ധന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 70 ശതമാനം പെന്‍ഷനും സഹകരണ ബാങ്കുകള്‍ വഴി വീടുകളില്‍ എത്തിക്കാന്‍ ആണ് പരിപാടി. ബാക്കി ബാങ്ക് അക്കൌണ്ടുകളില്‍ ഇട്ടു കൊടുക്കും. ക്ഷേമനിധികളുടെ പെന്‍ഷന്‍ അവര്‍ തന്നെ നേരിട്ട് വിതരണം ചെയ്യും.

ധനവകുപ്പ് ട്രെഷറി ഓണ്‍ലൈന്‍ സംവിധാനപ്രകാരം 500 കോടി രൂപ ജില്ല സഹകരണ ബാങ്കുകള്‍ക്ക് നല്‍കും. ഇതിന്റെ എഴുപത് ശതമാനം വിതരണം ചെയ്തു കഴിഞ്ഞാല്‍ അടുത്ത ഗഡു നല്‍കും. ജില്ല ബാങ്കുകള്‍ പഞ്ചായത്തിലെ / മുന്‍സിപ്പാലിറ്റിയിലെ തെരഞ്ഞെടുത്ത ഒരു പ്രാഥമീക സഹകരണ സംഘത്തിന് ഗഡുക്കളായി പണം കൈമാറും. ഓരോ പഞ്ചായത്തിലും ഓരോ ഇനം പെന്‍ഷനിലും എത്ര രൂപ വീതം നല്‍കണം എന്ന ലിസ്റ്റ് ഐ കെ എം ലഭ്യമാക്കിയിരിക്കും.

പ്രാഥമീക സഹകരണ സംഘങ്ങള്‍ തങ്ങളുടെ ബില്‍ കളക്ടര്‍മാര്‍ വഴിയോ തെരഞ്ഞെടുത്ത കുടുംബശ്രീ /സ്വയം സഹായ സംഘങ്ങള്‍ വഴിയോ ഗുണഭോക്താക്കള്‍ക്ക് പണം വീടുകളില്‍ എത്തിക്കും. വിതരണം നടക്കുന്ന മുറയ്ക്ക് ഇക്കാര്യം ഓണ്‍ലൈന്‍ പെന്‍ഷന്‍ ലിസ്റ്റില്‍ രേഖപ്പെടുത്തുകയും തത്സമയം ഐ കെ എം വഴി സര്‍ക്കാരിന് ലഭ്യമാകുകയും ചെയ്യും. ഓരോ പ്രദേശത്തെയും പെന്‍ഷന്‍ വിതരണത്തിന്റെ പുരോഗതി ദിവസവും റിവ്യൂ ചെയ്യാന്‍ സര്‍ക്കാരിന് കഴിയും.

ഏത് ഏജന്‍സി വഴി പെന്‍ഷന്‍ ലഭിക്കണം എന്നത് സംബന്ധിച്ച കുടുംബശ്രീ സര്‍വേ പൂര്‍ത്തീകരിക്കുന്നതോടെ അടുത്ത ആഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കാന്‍ കഴിയും . അതിനു മുന്‍പ് പുതിയ വിവര വിനിമയ- സഹകരണ ഏജന്‍സി വിതരണ സമ്പ്രദായം പൈലറ്റ്‌ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ ഏതാനും പഞ്ചായത്തുകളില്‍ പരീക്ഷിച്ച് അവസാന രൂപം നല്‍കും.

പോസ്റ്റല്‍ യുണിയന്‍ പ്രതിനിധികളുമായും ചര്‍ച്ച നടന്നു . ഇന്നും ഗുണഭോക്താക്കളുടെ ഏറ്റവും സ്വീകാര്യമായ രീതി പോസ്റ്റല്‍ മണിയോഡര്‍ ആണ്. എന്നാല്‍ ജീവനക്കാരുടെ കുറവും പോസ്റ്റല്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ തകരാറുകളും മൂലം വലിയ കാലതാമസം വരുന്നു എന്ന ആക്ഷേപം കൊണ്ടാണ് ഓണക്കാല പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് അവരെ ഒഴിച്ചുനിര്‍ത്തിയത്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ മണിയോഡര്‍ വഴിയും പെന്‍ഷന്‍ ലഭ്യമാക്കും. ഒരാള്‍ക്ക് ഒരു ആയിരം രൂപ പെന്‍ഷനേ അര്‍ഹതയുണ്ടാവൂ. അതേസമയം രണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവരുടെ ആനുകൂല്യത്തില്‍ കുറവ് വരില്ല എന്ന് ഉറപ്പ് വരുത്തും. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉത്തരവായി എത്രയും പെട്ടെന്ന് ഇറക്കുന്നതിന് ധന സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സത്യം പറയട്ടെ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം എങ്ങനെ പാലിക്കാനാകും എന്നത് സംബന്ധിച്ച് ഉള്ളില്‍ ഒരു പരിഭ്രാന്തി ആയിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തോടെ ഇതിനു പരിഹാരം ആയി .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :