തിരുവന്തപുരം|
jithu|
Last Modified ഞായര്‍, 29 ജൂണ്‍ 2014 (16:50 IST)
വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ശ്രമിക്കുന്നതിനു പകരം ബ്‌ളാക്ക് ബോര്‍ഡുകള്‍ക്ക് പച്ചയടിക്കാന്‍ നടക്കുന്ന സര്‍ക്കാര്‍ നടപടി അപഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
വിദ്യാഭ്യാസ രംഗത്തെ കച്ചവടവും അരാജകത്വവും നിലവാരത്തകര്‍ച്ചയും ഇല്ലാതാക്കാനാണ് മന്ത്രിയും സര്‍ക്കാരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
കാലങ്ങളായി ഉപയോഗിക്കുന്ന ബ്‌ളാക്ക് ബോര്‍ഡ് മാറ്റണമെങ്കില്‍ ആ രംഗത്തെ വിദഗ്ധരുമായി ചേര്‍ന്ന് ശാസ്ത്രീയ നിഗമനങ്ങളില്‍ എത്തിയ ശേഷം വേണം.
അല്ലാതെ ഒരു സുപ്രഭാതത്തില്‍ നിറം മാറ്റം കൊണ്ടുവരാനുള്ള ശ്രമം ദുരുദ്ധേശ്യപരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നിറങ്ങള്‍ക്ക് ചിലപ്പോള്‍ പ്രത്യേക മാനങ്ങള്‍ ഉണ്ടാകും.
പച്ച കോട്ട് വിവാദം ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത് നേരത്തെ ഉയര്‍ന്ന വിഷയങ്ങള്‍ ഗൗരവം ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്‌കൂളിലും ടോയ്‌ലറ്റും മറ്റു സൌകര്യങ്ങളും ഒരുക്കാന്‍ തയാറാകാത്ത കഴിവുകേടിനെയും നിരുത്തരവാദിത്തത്തെയും പച്ച നിറം പൂശി മറച്ചുവെക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.
വര്‍ഗീയമായി വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ച ഘട്ടത്തിലും ഇവിടെ ശക്തമായ പ്രതിരോധം ഉയര്‍ന്നിട്ടുണ്ടെന്നും അത്തരം ഏതു പ്രവണതകളെയും ചെറുത്തു തോല്‍പ്പിക്കാനുള്ള ആര്‍ജവവും ബോധവും കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടെന്ന ബന്ധപ്പെട്ടവര്‍ മനസിലാക്കണമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.