തിരുവനന്തപുരം|
JOYSJOY|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (14:36 IST)
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തിരുവമ്പാടി കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നു. തിരുവമ്പാടിയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്നും രൂപത കൂടി അംഗീകരിക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും താമരശ്ശേരി രൂപത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന ചരിത്രം മുസ്ലിം ലീഗിന് ഇല്ലെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ്. ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ മാസ്റ്റര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തു.
താമരശ്ശേരി രൂപത ഉന്നയിച്ച കാര്യങ്ങളെ കോണ്‍ഗ്രസും കാര്യമായി പരിഗണിച്ചില്ല. ഇതിനിടയിലാണ്, ഇപ്പോള്‍ കെ എം മാണി തിരുവമ്പാടി മണ്ഡലം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ മൂന്നു സീറ്റുകള്‍ക്ക് പകരമായി തിരുവമ്പാടി സീറ്റ് നല്കണമെന്നാണ് മാണി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവമ്പാടിക്ക് പകരം തളിപ്പറമ്പ്, ആലത്തൂര്‍, പേരാമ്പ്ര സീറ്റുകള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം കോണ്‍ഗ്രസിന് വിട്ടു നല്കും. സീറ്റ് ലഭിച്ചാൽ പാർട്ടി ഉന്നതാധികാര സമിതിയംഗം പി ടി ജോസിനെ മത്സരിപ്പിക്കാനാണ് കെ എം മാണിയുടെ തീരുമാനം.
അതേസമയം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്ലിംലീഗ് ആണ് തിരുവമ്പാടിയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തിരുവമ്പാടി സീറ്റ് സംബന്ധിച്ച് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ഉടമ്പടി രേഖ ഉണ്ടാക്കിയിരുന്നു. അതനുസരിച്ച് ഈ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ മണ്ഡലം കോണ്‍ഗ്രസിനുള്ളതാണ്. എന്നാല്‍, ആ ഉടമ്പടി പാലിക്കാതെയാണ് മുസ്ലിം ലീഗ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതിനെതിരെ താമരശ്ശേരി രൂപതയും രൂപതയുടെ അംഗീകാരമുള്ള മലയോരവികസന സമിതിയും രംഗത്തെത്തിയിരുന്നു.
കുടിയേറ്റകർഷകർ ധാരാളമുള്ള തിരുവമ്പാടി ലഭിച്ചാൽ താമരശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും പിന്തുണയോടെ പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാനാവുമെന്നാണ് മാണിയുടെ വിലയിരുത്തൽ.