'സൈനികന്റെ വീടാണെന്ന് അറിഞ്ഞില്ല', കള്ളന്റെ ക്ഷമാപണം, കുറ്റബോധം കാരണം ഒരു പെഗും അടിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (17:22 IST)
കൊച്ചി: ഒരു കള്ളന്റെ മനസ്ഥാപം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പട്ടാളക്കാരന്റ വീട്ടിൽ കയറിയതിന് ക്ഷമാപണം നടത്തിയിരിയ്ക്കുകയാണ് കള്ളൻ. തിരുവങ്കുളം പാലത്തിൽ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണശ്രമം നടന്നത്. പൂട്ട് പൊളിച്ച് അകത്തു കയറിയ കള്ളന് വീടുമൊത്തം അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ല.

ചുമരിൽ തൂക്കിയിട്ടിരിയ്ക്കുന്ന സൈനിക തൊപ്പി കണ്ടതോടെ കള്ളന് മനസ്ഥാപമായി. ഇതോടെ 'ബൈബിളിൽ ഏഴാമത്തെ കൽപ്പന ഞാൻ ലംഘിച്ചിരിയ്ക്കുന്നു. പക്ഷേ എന്റെ കൂടെ നിങ്ങളും നരകത്തിൽ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസിലായത്. തൊപ്പി കണ്ടപ്പോൾ. ഓഫീസർ ക്ഷമിയ്ക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ട് പൊളിച്ച് അകത്ത് കയറില്ലായിരുന്നു'. എന്നൊരു കുറിപ്പെഴുതിവച്ചു.

കുറ്റബോധം തീർക്കാൻ എന്നോണം കുപ്പി തേടിപ്പിടിച്ച് ഒരു പെഗും കള്ളൻ അടിച്ചു. വീടിന്റെ ഉടമസ്ഥനായ മുൻ സൈനികൻ ഇപ്പോൾ വിദേശത്താണ്. സമീപത്തെ അഞ്ച് കടകളിലും മോഷണം നടന്നിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തിൽനിന്നും മോഷ്ടിച്ച ക്യാഷ് ബാഗും ഉടമയുടെ പേഴ്സും കള്ളൻ മുൻ സൈനികന്റെ വീട്ടിൽ ഉപേക്ഷിച്ചു. ബാഗ് തിരികെ നൽകണം എന്നും കുറിപ്പിൽ എഴുതൊയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ ഉൾപ്പടെ വീട്ടിൽനിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :