സംസ്ഥാനത്ത് ലൈസൻസില്ലാതെ വണ്ടിയോടിക്കുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണത്തിൽ 25% വർധനവെന്ന് മോട്ടോർ വാഹനവകുപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 നവം‌ബര്‍ 2019 (16:17 IST)
സംസ്ഥാനത്ത് കുട്ടിഡ്രൈവർമാരുടെ എണ്ണത്തിൽ 25% വളർച്ചയെന്ന് മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ നാല് വർഷത്തിനിടെ 1205 കേസുകളാണ് ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന്റെ പേരിൽ വാഹന ഉടമകളുടെ പേരിലും കുട്ടികളുടെ മാതാപിതാക്കൾക്കെതിരെയും റജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് മാത്രം 19.53 ലക്ഷം രൂപയാണ് ഇതുവരെ പിഴയായി ഈടാക്കിയിട്ടുള്ളത്.

കേന്ദ്ര മോട്ടോർ വകുപ്പ് നിയമം പരിഷ്കരിച്ചതോട് കൂടി കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടായാൽ വാഹനമുടമ,കുട്ടിയുടെ അച്ഛൻ എന്നിവർക്ക് മൂന്ന് വർഷം തടവും 25000 വരൂപ വരെ പിഴയും ഈടാക്കാവുന്നതാണ്. പിഴയടച്ചില്ലെങ്കിൽ ഇതിൽ ഓരോ വർഷവും പത്ത് ശതമാനം വർധനയുമുണ്ടാകും. കൂടാതെ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ അച്ഛനമ്മമാരുണ്ടെങ്കിൽ അവരുടെ ലൈസൻസ് റദ്ദാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

എന്നാൽ ചട്ടങ്ങൾ ഇത്രയും കർശനമായിട്ടും സംസ്ഥാനത്ത് ഗുരുതരമായ കേസുകളിൽ കുരുങ്ങുന്ന കുട്ടി ഡ്രൈവർമാർ പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്. ഇവരുടെ എണ്ണം കൂടുന്നുവെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ കണക്കുകൾ പറയുന്നത്. ഇതേതുടർന്ന് സ്കൂളുകളിലേക്കും,ട്യൂഷൻ സെന്ററുകളിലേക്കും വാഹനമോടിച്ചെത്തുന്ന പ്രായപൂർത്തിയാകാത്തവരെ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :