സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 9 ജനുവരി 2026 (20:52 IST)
സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകള്‍ ഉപയോഗിച്ച് സര്‍ക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കാമെന്നാണ് അവര്‍ കരുതുന്നത്. ആസൂത്രിതമായി വ്യാജ കേരള സ്റ്റോറി പടച്ചുവിടുന്നു. അത്തരക്കാരെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2016 നും 2024 നും ഇടയിലുള്ള വാര്‍ഷിക വ്യവസായ സര്‍വ്വേ കണക്കുകള്‍ പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. 2016ല്‍ കേരളത്തില്‍ 170 സര്‍ക്കാര്‍ ഫാക്ടറികളുണ്ടായിരുന്നത് 2024ല്‍ 163 ആയി ഏതാണ്ട് സ്ഥിരതയോടെ നിലകൊള്ളുന്നു.
ഇതേ കാലയളവില്‍ കര്‍ണാടകയില്‍ പൊതുമേഖല ഫാക്ടറികളുടെ എണ്ണം 151ല്‍ നിന്ന് 74 ആയും, ഉത്തര്‍പ്രദേശില്‍ 117ല്‍ നിന്ന് 45 ആയും കുത്തനെ ഇടിഞ്ഞു. സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ശക്തമായ ഗുജറാത്തില്‍ 406ല്‍ നിന്ന് 139 ആയും മഹാരാഷ്ട്രയില്‍ 343ല്‍ നിന്ന് 98 ആയും പൊതുമേഖലാ യൂണിറ്റുകള്‍ കുറഞ്ഞു. പശ്ചിമ ബംഗാളിലും 152ല്‍ നിന്ന് 63 ലേക്ക് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.
സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകള്‍ മൂലം ഈ സ്ഥാപനങ്ങള്‍ 5,135.89 കോടി രൂപയുടെ സംയുക്ത വിറ്റുവരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.14 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 2023-24 സാമ്പത്തിക വര്‍ഷത്തിലെ 12ല്‍ നിന്ന് 2024-25 ല്‍ 14 ആയി ഉയര്‍ന്നു. അതുപോലെ തന്നെ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണം 18ല്‍ നിന്ന് 22 ആയി വര്‍ദ്ധിക്കുകയും ചെയ്തു.