Exclusive: കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, എഐസിസി തുണച്ചു; സീറ്റ് വേണമെന്ന് എംപിമാര്‍

കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ നിന്നാകും വേണുഗോപാല്‍ മത്സരിക്കുക

KC Venugopal, KC Venugopal likely to be Chief Minister Candidate of Congress, KC Venugopal vs VD Satheesan
രേണുക വേണു| Last Modified വെള്ളി, 9 ജനുവരി 2026 (11:35 IST)
KC Venugopal

Exclusive: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.സി.വേണുഗോപാല്‍ യുഡിഎഫിന്റെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. എഐസിസി ജനറല്‍ സെക്രട്ടറിയായതിനാല്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ വേണുഗോപാല്‍ തന്നെയായിരിക്കും മുന്നണിയെ നയിക്കുക. എഐസിസിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ നിന്നാകും വേണുഗോപാല്‍ മത്സരിക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി വേണുഗോപാല്‍ സമൂഹമാധ്യമങ്ങളിലുള്ള ഇടപെടല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക കെ.സി.വേണുഗോപാല്‍ ആയിരിക്കുമെന്നും സൂചനയുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാല്‍ രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ എന്ന സാധ്യതയും മങ്ങും. വേണുഗോപാലിനു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതില്‍ സതീശനു അതൃപ്തിയുണ്ടെങ്കിലും എഐസിസിയില്‍ നിന്ന് പിന്തുണ ഇല്ലാത്തത് മൂലം പരസ്യ പോരിനും തയ്യാറാകില്ല.

അതേസമയം കോണ്‍ഗ്രസിലെ ഒന്നിലേറെ ലോക്‌സഭാ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ കെ.സി.വേണുഗോപാലിനു മാത്രമാണ് എഐസിസിയുടെ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരിക്കുന്നത്. എംപിമാര്‍ കൂട്ടമായി നിയമസഭയിലേക്ക് മത്സരിച്ചാല്‍ അത് ഭാവിയില്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വേണുഗോപാലിനെ കൂടാതെ കെ.സുധാകരനു കൂടി ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. നിയമസഭാ സീറ്റിനായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും എഐസിസി മൗനത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :