Suresh Gopi: പുലികളിക്ക് സുരേഷ് ഗോപിയില്ല; പ്രധാനമന്ത്രിയുടെ അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു

തൃശൂര്‍ നഗരത്തില്‍ ഇന്നാണ് ഓണത്തോടനുബന്ധിച്ച് പുലികളി നടക്കുന്നത്

Suresh Gopi, Vote Chori, Fake Vote Allegation Thrissur Suresh Gopi, Thrissur Suresh Gopi, സുരേഷ് ഗോപി, കള്ളവോട്ട്, സുരേഷ് ഗോപി തൃശൂര്‍
Suresh Gopi
Thrissur| രേണുക വേണു| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (10:18 IST)

Suresh Gopi: കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. തൃശൂരില്‍ തിങ്കളാഴ്ച (ഇന്ന്) നിശ്ചയിച്ചിരുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു സുരേഷ് ഗോപി അറിയിച്ചു.

തൃശൂര്‍ നഗരത്തില്‍ ഇന്നാണ് ഓണത്തോടനുബന്ധിച്ച് പുലികളി നടക്കുന്നത്. തൃശൂര്‍ എംപിയായ സുരേഷ് ഗോപി പുലികളിയില്‍ പങ്കെടുക്കാന്‍ മണ്ഡലത്തില്‍ എത്തിയിരുന്നു. തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ഡല്‍ഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തൃശൂരിലെ പ്രിയപ്പെട്ട ജനങ്ങളോടും, നാളെ തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഉടന്‍ ഡല്‍ഹിയില്‍ എത്തണം എന്ന നിര്‍ദേശം ലഭിച്ചതിനാല്‍, ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ന്യൂഡല്‍ഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ്.

ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഏറെ ഖേദമുണ്ട്. അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പാലരുവി എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയില്‍ നിന്ന് യാത്രക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് ഞാന്‍ വിലമതിക്കുകയും പൂര്‍ണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.

ഇരിങ്ങാലക്കുടയില്‍ മറ്റൊരു പ്രധാന ട്രെയിന്‍ സ്റ്റോപ്പ് ഉടന്‍ ലഭ്യമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍, അതിന്റെ ഫ്‌ളാഗ് ഓഫ് നമ്മള്‍ ഒരുമിച്ച് വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുമെന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്തിന്റെ ആഹ്വാനം മുന്‍ഗണന ലഭിക്കേണ്ടതാണ് എന്നത് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി ക്ഷമ ചോദിച്ചു കൊണ്ട്,

നിങ്ങളുടെ സ്വന്തം,

സുരേഷ് ഗോപി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :