രേണുക വേണു|
Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (08:46 IST)
ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ രാജസ്ഥാനില്‍ കണ്ടതായി മൊഴി. വെട്ടിപ്രം സ്വദേശി റെന്‍സിം ഇസ്മായില്‍ നല്‍കിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. പത്തനംതിട്ടയിലെ ബവ്‌റിജസ് ഷോപ് മാനേജരായ റെന്‍സിം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം, ആവശ്യമെങ്കില്‍ പൊലീസ് രാജസ്ഥാനിലേക്ക് പോകും. ആലപ്പുഴയില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്.
2007ല്‍ സ്‌കൂള്‍ അധ്യാപകനായി രാജസ്ഥാന്‍ ഈഡന്‍ സദാപുരയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെന്‍സിം നല്‍കിയ മൊഴി. ഈഡന്‍ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്‌കൃതം, തമിഴ്, അറബി, മലയാളം ഭാഷകള്‍ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം. നീട്ടി വളര്‍ത്തിയ വെളുത്ത താടിയും ഉണ്ട്.
സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു. ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല.
കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ ഉള്ള വീഡിയോ കണ്ടപ്പോള്‍ ഇതേ സന്യാസിയെ കണ്ടു. ഇക്കാര്യം അറിയിച്ച് ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തിയത്.